തത്തമംഗലം: കെഎസ്ആർടിസി ഡിപ്പോറോഡ് പാറക്കളത്ത് വളർന്നുപന്തലിച്ച പാഴ്ചെടികളിൽ തമ്പടിച്ച പന്നികൾ ഭീഷണിയായി. പകൽ സമയത്തുപോലും പന്നിക്കൂട്ടങ്ങൾ റോഡിലിറങ്ങുന്നതു യാത്രികർക്കു ദുരിതമായി.
കല്ലഞ്ചിറ, പള്ളിമൊക്ക്, തത്തമംഗലം, പെൻകോസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർ താലൂക്ക് ആസ്ഥാനമായ ചിറ്റൂരിലേക്കെത്താനുള്ള എളുപ്പവഴിയാണിത്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന വഴിയായിട്ടും പന്നിക്കൂട്ടത്തിന്റെ ശല്യത്തിനു കുറവില്ല. രാത്രിയിൽ പന്നിക്കൂട്ടങ്ങളിൽനിന്നും തലനാരിഴക്കാണ് രക്ഷപ്പെടാറുള്ളതെന്നു ഇരുചക്രവാഹന യാത്രികർ പറയുന്നു.
പരിസരത്തെ വീടുകളിലേക്കും പന്നിക്കൂട്ടങ്ങളെത്തുന്നതു വിനയായിട്ടുണ്ട്. പാഴ്ചെടികളും വളർന്നു പന്തലിച്ച പുല്ലും മുറിച്ച് നീക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.